1ⓟയഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
2ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
3കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.
4ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
5ⓠജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
6ⓡഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
7ⓢവലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
8പകൽ വാഴുവാൻ സൂര്യനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
9രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
10ⓣമിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
11ⓤഅവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
12ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ- അവന്റെ ദയ എന്നേക്കുമുള്ളതു.
13ⓥചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
14അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
15ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
16തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
17മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.
18ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
19ⓦഅമോര്യരുടെ രാജാവായ സീഹോനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
20ⓧബാശാൻ രാജാവായ ഓഗിനെയും - അവന്റെ ദയ എന്നേക്കുമുള്ളതു.
21അവരുടെ ദേശത്തെ അവകാശമായി കൊടുത്തു - അവന്റെ ദയ എന്നേക്കുമുള്ളതു.
22തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ - അവന്റെ ദയ എന്നേക്കുമുള്ളതു.
23നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
24നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
25സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു - അവന്റെ ദയ എന്നേക്കുമുള്ളതു.
26സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.