1ആഹാബ് മരിച്ചശേഷം മോവാബ്യർ യിസ്രായേലിനോടു മത്സരിച്ചു.
2അഹസ്യാവു ശമര്യയിലെ തന്റെ മാളികയുടെ കിളിവാതിലിൽകൂടി വീണു ദീനംപിടിച്ചു; അവൻ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിൻ എന്നു അവരോടു കല്പിച്ചു.
3എന്നാൽ യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചതു: നീ എഴുന്നേറ്റു ശമര്യാരാജാവിന്റെ ദൂതന്മാരെ എതിരേറ്റുചെന്നു അവരോടു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ പോകുന്നതു?
4ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവു പോയി.
5ദൂതന്മാർ മടങ്ങിവന്നാറെ അവൻ അവരോടു: നിങ്ങൾ മടങ്ങിവന്നതു എന്തു എന്നു ചോദിച്ചു.
6അവർ അവനോടു പറഞ്ഞതു: ഒരാൾ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോടു: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ അയക്കുന്നതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു അവനോടു പറവിൻ എന്നു പറഞ്ഞു.
7അവൻ അവരോടു: നിങ്ങളെ എതിരേറ്റുവന്നു ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്തു എന്നു ചോദിച്ചു.
8
9പിന്നെ രാജാവു അമ്പതുപേർക്കു അധിപതിയായ ഒരുവനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവൻ അവന്റെ അടുക്കൽ ചെന്നു; അവൻ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവൻ അവനോടു: ദൈവപുരുഷാ, ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
10
11അവൻ അമ്പതുപേർക്കു അധിപതിയായ മറ്റൊരുത്തനെയും അവന്റെ അമ്പതു ആളെയും അവന്റെ അടുക്കൽ അയച്ചു; അവനും അവനോടു: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാൻ രാജാവു കല്പിക്കുന്നു എന്നു പറഞ്ഞു.
12ഏലീയാവു അവനോടു: ഞാൻ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്റെ തീ ആകാശത്തുനിന്നു ഇറങ്ങി അവനെയും അവന്റെ അമ്പതു ആളെയും ദഹിപ്പിച്ചുകളഞ്ഞു.
13മൂന്നാമതും അവൻ അമ്പതുപേർക്കു അധിപതിയായ ഒരുത്തനെയും അവന്റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതുപേർക്കു അധിപതിയായവൻ ചെന്നു ഏലീയാവിന്റെ മുമ്പിൽ മുട്ടുകുത്തി അവനോടു: ദൈവപുരുഷനായുള്ളോവേ, എന്റെ പ്രാണനെയും നിന്റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.
14ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതുപേർക്കധിപതിമാരായ മുമ്പിലത്തെ രണ്ടുപേരെയും അവരുടെ അമ്പതീതു ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്റെ പ്രാണനെ ആദരിക്കേണമേ എന്നു അപേക്ഷിച്ചു.
15അപ്പോൾ യഹോവയുടെ ദൂതൻ ഏലീയാവോടു: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു അവനോടുകൂടെ രാജാവിന്റെ അടുക്കൽ ചെന്നു
16അവനോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോടു അരുളപ്പാടു ചോദിപ്പാൻ ദൂതന്മാരെ അയച്ചതു? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്നു ഇറങ്ങാതെ നിശ്ചയമായി മരിക്കും.
17ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരം തന്നേ അവൻ മരിച്ചു പോയി; അവന്നു മകനില്ലായ്കകൊണ്ടു അവന്നു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകനായ യെഹോരാമിന്റെ രണ്ടാം ആണ്ടിൽ രാജാവായി.
18അഹസ്യാവു ചെയ്ത മറ്റുള്ള വൃത്താന്തങ്ങൾ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.